03:56pm 25 November 2026
NEWS
കേരളത്തിൽ വീണ്ടും മഴയെത്തുന്നു; ഒൻപത് ജില്ലകളിൽ ഇന്ന് ജാഗ്രതാ നിർദ്ദേശം


25/11/2026  03:15 PM IST
nila
കേരളത്തിൽ വീണ്ടും മഴയെത്തുന്നു; ഒൻപത് ജില്ലകളിൽ ഇന്ന് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഒരിടവേളയ്ക്കുശേഷം കേരളത്തിൽ മഴ സജീവമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയായി കണക്കാക്കുന്നത്.

യെല്ലോ അലർട്ട്

നവംബർ 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്.

നവംബർ 26: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.

നവംബർ 27: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.

മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് മുതൽ നവംബർ 27 വരെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനിടയുണ്ട്. അതേസമയം, കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും അധികൃതർ അറിയിച്ചു.

ഇടിമിന്നൽ: ജാഗ്രത പാലിക്കണം

ഇടിമിന്നലിനുള്ള ആദ്യ സൂചനകൾ ലഭിച്ചാൽ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് അപകടസാധ്യത വർധിപ്പിക്കും. ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുന്ന സമയത്ത് ജനലുകളും വാതിലുകളും അടച്ചിടുകയും അവയുടെ സമീപത്ത് നിൽക്കുന്നത് ഒഴിവാക്കുകയും വേണം.

വീടുകളിലെ വൈദ്യുതോപകരണങ്ങളുടെ പ്ലഗ് ഊരിമാറ്റുന്നതാണ് സുരക്ഷിതം. ഇടിമിന്നലുള്ളപ്പോൾ ലാൻഡ്‌ഫോൺ ഉപയോഗിക്കരുത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ തടസമില്ല. കുളിക്കുന്നതും ടാപ്പുകളിൽനിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കണം. പൈപ്പുകളിലൂടെ മിന്നലുമായി ബന്ധപ്പെട്ട വൈദ്യുതി പ്രവഹിക്കാൻ സാധ്യതയുണ്ട്.

മഴക്കാറ് കാണുമ്പോൾ കുട്ടികളുൾപ്പെടെ ആരും തുറസായ സ്ഥലങ്ങളിലും ടെറസുകളിലും കളിക്കരുത്. മരങ്ങളുടെ ചുവട്ടിൽ അഭയം തേടുകയോ വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയോ ചെയ്യരുത്. മഴക്കാലത്ത് കാറ്റിൽ വീഴാൻ സാധ്യതയുള്ള വസ്തുക്കൾ സുരക്ഷിതമായി കെട്ടിവയ്ക്കുകയും വേണം.

ഇടിമിന്നൽ ഉണ്ടാകുമ്പോൾ വാഹനത്തിനുള്ളിൽ തുടരുന്നതാണ് സുരക്ഷിതം. കൈകാലുകൾ പുറത്തേക്ക് ഇടരുത്. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കി അടുത്തുള്ള സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടണം.

മഴക്കാറ് കണ്ടാൽ തുണികൾ എടുക്കാനായി ടെറസിലേക്കോ മുറ്റത്തേക്കോ ഇറങ്ങരുത്. ജലാശയങ്ങളിൽ മീൻപിടിക്കാനോ കുളിക്കാനോ ഇറങ്ങുന്നതും ഒഴിവാക്കണം. കാർമേഘങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് സുരക്ഷിതമായി കരയിലെത്തണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കുകയോ ചൂണ്ടയിടുകയോ വലയെറിയുകയോ ചെയ്യരുത്. പട്ടം പറത്തുന്നതും ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img